സമരങ്ങള്‍
പുന്നപ്ര-വയലാർ സമരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുന്നപ്ര-വയലാർ രക്തസാക്ഷി സ്മാരകം
ജന്മിമാർക്ക് എതിരേ (പ്രധാനമായും നായന്മാരും ക്രിസ്ത്യാനികളും ആയിരുന്നു ആലപ്പുഴയിലെ ജന്മിമാർ) കർഷക കുടിയാന്മാർ നടത്തിയ സമരങ്ങളായിരുന്നുപുന്നപ്ര-വയലാർ സമരങ്ങൾ. കമ്യൂണിസ്റ്റ് പാർട്ടിയുടെ കുടക്കീഴിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി തർക്കങ്ങൾക്കു ശേഷം 1990-കളിൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.[1]
ഉള്ളടക്കം
|
ആലപ്പുഴ ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്ന കർഷകർ ജന്മിമാരുടെ ചൂഷണത്തിനു ഇരകളായിരുന്നു. ജന്മിമാർക്ക് ദിവാൻ സി.പി. രാമസ്വാമി അയ്യരുടെയുംഅദ്ദേഹത്തിന്റെ പോലീസ് സേനയുടെയും ഉറച്ച പിന്തുണ ഉണ്ടായിരുന്നു. ചൂഷണം പ്രതിരോധിക്കുന്നതിനായി കർഷകർ കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ അണിനിരന്നു. സന്നദ്ധസേവക കാമ്പുകൾ രൂപവത്കരിച്ച് തൊഴിലാളികൾക്ക് അർദ്ധസൈനിക പരിശീലനം നൽകപ്പെട്ടു.
നൂറ്റാണ്ടുകളായി കടുത്ത ജാതീയത കൊടികെട്ടി നിന്നിരുന്ന തിരുവിതാംകൂർ രാജ്യത്തിലെ 75% ശതമാനത്തോളം ജനങ്ങൾ, ഭൂരഹിതരായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സമൂഹത്തിന്റെ മുകൾത്തട്ടിലുള്ള ഉന്നത-ജാതി ഹിന്ദുക്കളുടെയും, സിറിയൻ കൃസ്ത്യാനികളുടെയും കൈവശമായിരുന്നു. 1860-കൾ മുതൽ തേങ്ങ മുതലായ നാണ്യവിളകൾക്കുണ്ടായ അധികാവശ്യകത മൂലം, പാരമ്പര്യമായി തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന, ജാതി വ്യവസ്ഥയിൽ താഴേക്കിടയിലുള്ള ഈഴവരുടെ സാമ്പത്തികനില മെച്ചപ്പെടുകയും, പുതിയ മദ്ധ്യവർഗ്ഗമായി ഉയർന്നുവരികയുമുണ്ടായി. തൽഫലമായി, മറ്റുയർന്ന ജാതിക്കാർക്ക് സമാനമായ സാമൂഹികനില തങ്ങൾക്കും വേണമെന്ന ആവശ്യം അവർ ഉയർത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തോടെ തിരുവിതാംകൂറിലെ കയറുല്പന്നമേഖല ഉല്പാദനച്ചെലവ്, യൂറോപ്പിലേയും അമേരിക്കയിലേയും ഫാക്ടറികളുടേതിനെ അപേക്ഷിച്ച് കുറവാകുകയും, അങ്ങനെ ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും, കയറുല്പന്നവ്യവസായങ്ങൾ തഴച്ചു വളരുകയും ചെയ്തു. 1938-ന് ശേഷം, ട്രേഡ് യൂണിയനുകളും ഈ മേഖലയിൽ ശക്തമാകുവാൻ തുടങ്ങി. 1940-ഓടെ, കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമാവുകയും ട്രാവൻകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ (TCFWU) നിയന്ത്രണം ഏറ്റെടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു. 1939-ൽ 7400 അംഗങ്ങളുണ്ടായിരുന്ന യൂണിയന്, 1942 ആയപ്പോഴേക്കും 12,000-നും 15,000-നും മദ്ധ്യേ അംഗങ്ങളും, രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോഴേക്കും, ഏകദേശം 17,000 അംഗങ്ങളായും വളർന്നു. കയറുല്പന്ന മേഖലയിലെ യൂണിയൻ പ്രവർത്തനത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കി, മറ്റ് മേഖലകളിലും - ബോട്ട് തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, കള്ള് ചെത്ത് തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ - ആളുകൾ സംഘടിക്കുവാൻ തുടങ്ങി. 1940-ന്റെ മദ്ധ്യത്തോടെ, ഇന്ത്യയിലെ മറ്റ് മേഖകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഇവിടെ ചില പ്രത്യേക സാമൂഹികസാഹചര്യങ്ങൾ വികസിച്ചുവരികയുണ്ടായി. ഇതിന് പ്രധാനമായും നാല് കാരണങ്ങളുണ്ട്.
1.
ഉയർന്ന സാക്ഷരതാ നിരക്ക്.
2.
1920 മുതൽക്ക് നിർമ്മിതമായിക്കൊണ്ടിരുന്ന ബൗദ്ധികപരമായ ഉന്നമനം.
3.
ഈ മേഖലയിൽ ഭൂരിപക്ഷമുണ്ടായിരുന്ന ഈഴവരുടെ ഉയർച്ച. സമൂഹത്തിൽ അന്ന് നിലനിന്നിരുന്ന ജാതിവ്യവസ്ഥയെ തള്ളിപ്പറയുവാനും, തൊഴിലാളിസമൂഹത്തിൽ പൊതുവെ വർഗ്ഗബോധം ഉണർത്തുവാനും ഈ ഉയർച്ച കാരണമായി.
4.
നാനാവിധ ജാതി-മതവിഭാഗത്തിൽപെട്ടവർ ഒരുമിച്ച് പണിയെടുക്കുവാൻ കയർ ഫാക്ടറികൾ കാരണമായത്.
ഇക്കാരണങ്ങൾ കൊണ്ട്, സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകൾ, പ്രത്യേകിച്ചും തൊഴിലാളികൾ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പൂർണ്ണമനസ്സോടെ സ്വീകരിക്കുകയുണ്ടായി. [2]
മത്സ്യത്തൊഴിലാളികൾ ഭൂരിപക്ഷവും മറ്റ് തൊഴിലാളികളെപ്പോലെ ഉല്പാദനോപകരണങ്ങളുടെ ഉല്പാദനാവകാശമില്ലാത്തവരായിരുന്നു. സ്വന്തമായി ഭൂമിയില്ലാത്ത ഇവർ, മുതലാളിമാരുടെയോ അവരുടെ ബന്ധുമിത്രാദികളുടെയോ കുടിയാന്മാർ ആയിരുന്നു. ഇതിന്റെ പേരിലുള്ള ചൂഷണത്തിന് പുറമെ, മതപരമായ ചൂഷണങ്ങളും ഇവിടെ നിലനിൽക്കുന്നുണ്ടായിരുന്നു. 1942-ഓട് കൂടി, അന്ന് കേരളത്തിലുടനീളം പ്രചാരം വർദ്ധിച്ചുവന്നിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ ഒരു ശക്തമായ മത്സ്യത്തൊഴിലാളി സംഘടന ഉയർന്നു വരികയുണ്ടായി. ഇതിന് പുറമെ, ചെത്തു തൊഴിലാളി യൂണിയൻ, ചകിരിപിരി തൊഴിലാളി യൂണിയൻ, കർഷകത്തൊഴിലാളി യൂണിയൻ, തെങ്ങുകയറ്റത്തൊഴിലാളി യൂണിയൻ മുതലായവയും പുന്നപ്രയിലും പരിസരപ്രദേശങ്ങളിലും ശക്തിപ്രാപിക്കുകയുണ്ടായി. തൊഴിലാളികളുടെ സംഘംചേരലും, അവകാശം ചോദിച്ചു വാങ്ങലും, പൊതുവിൽ മുതലാളിമാരെയും മറ്റ് നാട്ടുപ്രമാണിമാരേയും ചൊടിപ്പിച്ചു. യുദ്ധാനന്തരകാലഘട്ടത്തിലുണ്ടായ തൊഴിലില്ലായ്മയും, വിലക്കയറ്റവും, ഭക്ഷണക്ഷാമവുമൊക്കെ മുതലാളിമാരും തൊഴിലാളികളും തമ്മിൽ മുമ്പേ നിലനിന്നിരുന്ന സംഘർഷത്തെ ഒന്ന് കൂടി രൂക്ഷമാക്കുകയുണ്ടായി.
മൂന്ന് വശവും വെള്ളം കൊണ്ട് ചുറ്റപ്പെട്ട വയലാറിലേക്ക്, ഏറ്റവുമടുത്ത ചേർത്തലയിൽ നിന്നും കരമാർഗ്ഗം ആറ് മൈൽ ദൂരമുണ്ടായിരുന്നു. ഫലഫൂയിഷ്ഠമായ മണ്ണിൽ തഴച്ചു വളർന്നിരുന്ന തെങ്ങിൻതോപ്പുകളും നെല്പാടങ്ങളുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും 1943-ൽ ഇന്ത്യയിലുണ്ടായ ഭക്ഷ്യക്ഷാമം ഈ മേഖലയെ ഗൗരവമായി ബാധിക്കുകയുണ്ടായി.[3]
കർഷക തൊഴിലാളികളുടെ സായുധ പ്രതിരോധം കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി. തോമസ്, എം.എൻ. ഗോവിന്ദൻ നായർ, ആർ. സുഗതൻ തുടങ്ങിയവരുടെ കീഴിൽ ശക്തിപ്പെട്ടു. ഇതിനെതിരായി ദിവാൻ സർ. സി.പി. ഭീകരഭരണം അഴിച്ചുവിട്ടു. ആലപ്പുഴയിലെ എല്ലാ കമ്യൂണിസ്റ്റ് പാർട്ടി സംഘടനകളും നിരോധിക്കപ്പെട്ടു. തൊഴിലാളികളുടെ ജാഥയ്ക്കുനേരെ ദിവാന്റെ സൈന്യം വെടിയുതിർത്തു. ഈ വെടിവെപ്പിലും ഇതിനെതിരായി സായുധ പോലീസ് കാമ്പുകൾക്കുനേരെ കർഷകർ നടത്തിയ പ്രത്യാക്രമണങ്ങളിലും 200-ഓളം പേർ കൊല്ലപ്പെട്ടു. പുന്നപ്രയിൽ നടന്ന ഈ ആക്രമണങ്ങൾ 1946 ഒക്ടോബർ 24-നു ആയിരുന്നു.
ഇതിനെ തുടർന്ന് തൊഴിലാളികൾ ചേർത്തലയ്ക്ക് അടുത്തുള്ള വയലാർ ഗ്രാമത്തിലേക്ക് പിൻവാങ്ങി. ഒരുതുരുത്തായ ഈ ഗ്രാമം ഒളിവിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനു അനുയോജ്യമായിരുന്നു. സർക്കാരിനെതിരെ തൊഴിലാളികൾ പുനഃസംഘടിതരാവുന്നതു മണത്തറിഞ്ഞ ദിവാൻ ചേർത്തലയിലും ആലപ്പുഴയിലും സൈനികഭരണം പ്രഖ്യാപിച്ചു.
1946 ഒക്ടോബർ 27-നു പട്ടാളം ബോട്ടുകളിൽ വയലാർ കാമ്പ് ആക്രമിക്കുകയും തൊഴിലാളികളോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. കീഴടങ്ങാൻ കൂട്ടാകാതെ പട്ടാളത്തെ നേരിടാൻ തയ്യാറായ തൊഴിലാളികൾക്കു നേരെ പട്ടാളം വെടിയുതിർത്തു[2]. മുളകൊണ്ടും അടയ്ക്കാമരം കൊണ്ടും ഉണ്ടാക്കിയ കൂർപ്പിച്ച കുന്തങ്ങൾ, കല്ലുകൾ തുടങ്ങിയവ ആയിരുന്നു തൊഴിലാളികളുടെ ആയുധങ്ങൾ[2]. വയലാറിൽ അൻപതോളം പേർ കൊല്ലപ്പെട്ടു.[4]
അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് ഈ രണ്ടു സമരങ്ങളിലും അനുബന്ധ സമരങ്ങളിലുമായി ദിവാന്റെ സൈന്യത്തിലും തൊഴിലാളികളുടെ ഇടയിലും മരിച്ചവരുടെ എണ്ണം ആയിരത്തോളം വരും എന്ന് വിശ്വസിക്കപ്പെടുന്നു. ഈ സമരത്തിൽ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താൻ ഔദ്യോഗിക കണക്കെടുപ്പുകൾ നടന്നിട്ടില്ല. [5]
ഈ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണോ അല്ലയോ എന്നത് ഇന്നും വിവാദവിഷയമാണ്. കമ്യൂണിസ്റ്റ് പ്രവർത്തകർ ഈ സമരത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കാണുമ്പോൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രവർത്തകർ ഈ സമരത്തെ ജന്മി-കുടിയാൻ സമരമായി കാണുന്നു. പുന്നപ്ര-വയലാർ സമരങ്ങളിലെ രക്തസാക്ഷികളുടെ കുടുംബങ്ങൾക്കും പോരാളികൾക്കും സ്വാതന്ത്ര്യസമര പെൻഷൻ നൽകുവാനുള്ള അഭ്യർത്ഥന കോൺഗ്രസ് സർക്കാർ 1989-ൽ നിരസിച്ചു. എന്നാൽ ഐ.കെ. ഗുജ്റാൾ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന ഇന്ദ്രജിത്ത് ഗുപ്ത പുന്നപ്ര-വയലാർ പോരാളികൾക്ക് സ്വാതന്ത്ര്യസമര പെൻഷൻ അനുവദിച്ചു. [5]
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ അഭിപ്രായത്തിൽ "പുന്നപ്ര-വയലാർ സമരം ബ്രിട്ടീഷ് സർക്കാരിനും ജന്മിത്തത്തിനും എതിരേ നടന്ന തൊഴിലാളി സമരമായിരുന്നു. ഭൂമി പുനർവിതരണം പുന്നപ്ര-വയലാർ സമരത്തിന്റെ കാതലായിരുന്നത് കാർഷിക വിപ്ലവത്തിൽ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ അടങ്ങിയിരിക്കുന്നു എന്ന മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തം പുന്നപ്ര വയലാർ സമരം തെളിയിക്കുന്നു."
എന്നാൽ ഈ വാദഗതികളെ കേരളത്തിലെ പ്രശസ്ത ചരിത്രകാരനായ എ. ശ്രീധരമേനോൻ നിരസിക്കുന്നു. ശ്രീധരമേനോന്റെ അഭിപ്രായത്തിൽ കർഷകരുടെ മേൽ ജന്മിമാർ അടിച്ചേല്പ്പിച്ച സാമൂഹിക-സാമ്പത്തിക ദുരിതങ്ങൾക്കുനേരെയുള്ള ഒരു സമരമായിരുന്നു ഇത്. തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഇന്ത്യാമഹാരാജ്യവുമായുള്ള ലയനവും പുന്നപ്ര-വയലാർ സമരവും തമ്മിൽ ബന്ധമൊന്നുമില്ല എന്ന് അദ്ദേഹം പറയുന്നു. പുന്നപ്ര-വയലാർ സമരം നടക്കുന്ന സമയത്ത് ദിവാൻ സർ.സി.പി. രാമസ്വാമി അയ്യർ സ്വതന്ത്ര തിരുവിതാംകൂർഎന്ന വാദം കൊണ്ടുവന്നിരുന്നില്ല എന്നും പിന്നീടാണ് സ്വതന്ത്ര തിരുവിതാംകൂർ സിദ്ധാന്തം ദിവാൻ അവതരിപ്പിച്ചതെന്നും ഇതിന് ഉപോത്ബലകമായി എ.ശ്രീധരമേനോൻ പറയുന്നു. സർദ്ദാർ വല്ലഭായി പട്ടേലുംജവഹർലാൽ നെഹ്രുവും സർ.സി.പി. രാമസ്വാമി അയ്യരും തമ്മിൽ 1947 ജൂണിൽ ന്യൂഡെൽഹിയിൽ വെച്ചുനടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ദിവാൻ തന്നെ സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം ഉപേക്ഷിക്കുകയായിരുന്നു എന്ന് ശ്രീധരമേനോൻ പറയുന്നു.[5]
ചരിത്രകാരനായ എം.ജി.എസ്. നാരായണന്റെ അഭിപ്രായത്തിൽ കമ്യൂണിസ്റ്റ് നേതൃത്വം പുന്നപ്ര-വയലാർ സമരത്തിലൂടെ രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. പോലീസ് കാമ്പ് ആക്രമിക്കാൻ പദ്ധതിയിട്ട് തൊഴിലാളികളെ വെടിയുണ്ടകളെ നേരിടുവാൻ അയച്ചിട്ടും നേതാക്കളെല്ലാം വെടിവെപ്പിൽ നിന്ന് രക്ഷപെട്ടത് ക്രൂരതയായിപ്പോയി എന്ന് എം.ജി.എസ്. നാരായണൻ പറയുന്നു.
എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല; സാമൂഹികമായും സാമ്പത്തികമായും ഉള്ള ചൂഷണത്തിൽ നിന്ന് ജനങ്ങളെ സ്വതന്ത്രരാക്കുവാൻ നടന്ന എല്ലാ സമരങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കാണണം; അതിനാൽ പുന്നപ്ര-വയലാർ സമരവും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ് എന്ന് എം.ജി.എസ്. നാരായണൻ അഭിപ്രായപ്പെടുന്നു. കമ്യൂണിസ്റ്റ് നേതൃത്വം ഒരിക്കലും പുന്നപ്ര വയലാറിലെ രക്തസാക്ഷികളുടെ പട്ടികയോ ഔദ്യോഗിക കണക്കുകളോ പ്രസിദ്ധീകരിച്ചില്ല എന്ന് എം.ജി.എസ്. നാരായണൻ പറയുന്നു. [5]
പുന്നപ്ര-വയലാർ സമരം സർ. സി.പി. അവതരിപ്പിച്ച "സ്വതന്ത്ര തിരുവിതാംകൂർ വാദ"ത്തിനും അമേരിക്കൻ മോഡലിനും എതിരായി അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി ജനങ്ങൾ അണിനിരന്നതിന്റെ ഭാഗമാണെന്ന് കേരള കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ഡയറക്ടർ ആയിരുന്ന ഡോ. പി.ജെ. ചെറിയാൻ തന്റെ "പെർസ്പെക്ടീവ്സ് ഓൺ കേരള ഹിസ്റ്ററി - ദ് സെക്കന്റ് മില്ലനിയം" എന്ന പുസ്തകത്തിൽ പറയുന്നു [6]
സമരത്തിൽ ജീവൻ വെടിഞ്ഞവർക്കായി പുന്നപ്രയിൽ ഒരു രക്തസാക്ഷി മണ്ഡപം ഉണ്ട്. പുന്നപ്ര വയലാറിൽ ജീവൻ വെടിഞ്ഞവരുടെ ശവകുടീരങ്ങൾ ആലപ്പുഴ പട്ടണത്തിൽ നിന്നും 3 കിലോമീറ്റർ അകലെയുള്ള കൈതവനയിലാണ്. [7] ഇവിടെ ഒരു രക്തസാക്ഷി സ്തൂപം സ്ഥാപിച്ചിരിക്കുന്നു.
പുന്നപ്ര വയലാർ സംഭവത്തെ അപഗ്രഥിച്ച് പല ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്.
§ പുന്നപ്ര-വയലാർ, നേരും നുണയും. ഇ. ശ്രീധരമേനോന്റെ വാദങ്ങളെപ്പറ്റിയുള്ള അന്വേഷണം. - കെ.എൻ.കെ. നമ്പൂതിരി എഴുതിയത്. ISBN: 9788171807611
§ റിവോൾട്ട് ഓഫ് ദ് ഒപ്പ്രെസ്ഡ് പുന്നപ്ര - വയലാർ 1946. പി.വി.കെ. കൈമൾ എഴുതിയത്. ISBN-13: 978-8122003659
§ സ്വതന്ത്ര തിരുവിതാംകൂർ വാദവും സർ.സി.പി. എന്ന വില്ലനും: വിട്ടുപോയ കണ്ണികൾ, പ്രോഫ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്, കേരളം, 2000.
§ അമേരിക്കൻ മോഡൽ അറബിക്കടലിൽ: സർ.സി.പീയുടെ പരാജയപ്പെട്ട ഭരണപരിഷ്കാര നിർദ്ദേശം, പ്രോഫ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്, കേരളം, 2000.
§ പുന്നപ്ര - വയലാർ സമരങ്ങൾ ആസൂത്രണം ചെയ്ത നേതാക്കന്മാരിൽ വി.എസ്. അച്യുതാനന്ദനും ഉൾപ്പെടുന്നു എന്ന് കേരള മുഖ്യമന്ത്രിയുടെ വെബ് വിലാസം അവകാശപ്പെടുന്നു. [8]
§ പി. ഭാസ്കരൻ പുന്നപ്ര വയലാർ സമരത്തെ അനുസ്മരിച്ച് എഴുതിയ "വയലാർ ഗർജ്ജിക്കുന്നു" എന്ന ഗാനം പ്രശസ്തമാണ്. "ഉയരും ഞാൻ നാടാകെ" എന്നുതുടങ്ങുന്ന ഈ ഗാനം സർ. സി.പി. നിരോധിച്ചു.
No comments:
Post a Comment